തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചതായി യുഎസ് പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളും മോഡലുമായ വനേസ ട്രംപ്. മെയ് 20 ന് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 48 കാരിയായ വനേസ ഈ വിവരം പങ്കുവെച്ചത്. രോഗനിര്‍ണയത്തെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സാ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും അവര്‍ വ്യക്തമാക്കി.
‘ഇതാരും പ്രതീക്ഷിക്കുന്ന ഒരു വാര്‍ത്തയല്ലെങ്കിലും, നിലവില്‍ എന്റെ മെഡിക്കല്‍ ടീമുമായി ചേര്‍ന്ന് കൃത്യമായ ഒരു ചികിത്സാ പ്ലാന്‍ ഞാന്‍ തയാറാക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ എന്റെ ഡോക്ടര്‍മാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു.’- വനേസ ട്രംപ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കുടുംബത്തില്‍ നിന്നും മക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഈ ഘട്ടത്തില്‍ തനിക്ക് വലിയ കരുത്ത് നല്‍കുന്നുണ്ടെന്ന് വനേസ കുറിച്ചു. തന്റെ കുടുംബത്തിന്റെയും മക്കളുടെയും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നടുവിലാണ് താനിപ്പോള്‍. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായ പ്രതീക്ഷയോടെയും ശ്രദ്ധയോടെയും ഇരിക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച വനേസ, ആരോഗ്യം വീണ്ടെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഈ സമയത്ത് തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ക്യാന്‍സര്‍ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായി 2005 ലായിരുന്നു വനേസയുടെ വിവാഹം. 13 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2018 ല്‍ ഇവര്‍ വിവാഹമോചിതരായി. കൈ (19), ഡൊണാള്‍ഡ് (17), ട്രിസ്റ്റന്‍ (14), സ്‌പെന്‍സര്‍ (13), ക്ലോയി (11) എന്നിങ്ങനെ അഞ്ച് മക്കളാണ് ഈ ബന്ധത്തിലുള്ളത്. വേര്‍പിരിഞ്ഞെങ്കിലും ട്രംപ് കുടുംബവുമായി അടുത്ത സൗഹൃദം വനേസ ഇന്നും സൂക്ഷിക്കുന്നുണ്ട്. പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സുമായുള്ള വനേസയുടെ പുതിയ ബന്ധം അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.



