ഇന്ത്യൻ സമുദ്രമേഖലയിൽ ചൈന തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുന്നത് സമുദ്രമേഖലയിലെ സുരക്ഷയിൽ ആശങ്ക വർധിപ്പിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുണ്ടായ പോരാട്ടവും പ്രതിരോധ രംഗം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്നു. ഈ സാഹചര്യത്തിൽ യുദ്ധക്കപ്പലുകൾ, വിമാനവാഹനിക്കപ്പലുകൾ ഉൾപ്പടെ പ്രതിരോധ മേഖലയിൽ വൻ നിക്ഷേപം നടത്തുകയാണ് ഇന്ത്യ.
ഈ ശ്രമങ്ങളുടെ ഭാഗമായാണ് ജൂലായ് ഒന്നിന് ഇന്ത്യൻ നാവികസേനയുടെ പുതിയ ഐഎൻഎസ് തമാൽയുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തത്. നാവികസേനയ്ക്ക് വേണ്ടി നിർമിച്ച രണ്ടാമത്തെ തുഷിൽ ക്ലാസ് സ്റ്റൈൽത്ത് യുദ്ധക്കപ്പലാണ് ഐഎൻഎസ് തമാൽ. റഷ്യൻ സഹകരണത്തോടെയാണ് സ്റ്റെൽത്ത് സാങ്കേതിക വിദ്യയോടുകൂടിയ ഈ കപ്പൽ ഇന്ത്യ നാവികസേനയ്ക്ക് ലഭ്യമാക്കിയത്. ഈ നീക്കം ഇന്ത്യയുടെ നാവികശക്തി വർധിപ്പിക്കും.
വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും നിർമിക്കുന്നതിനായി ഇന്ത്യയും റഷ്യയും തമ്മിൽ കോടിക്കണക്കിന് ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഐഎൻഎസ് തമാൽ കൂടി എത്തിയതോടെ ഇന്ത്യയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ എണ്ണം നാലായി. രണ്ടെണ്ണം കൂടി തദ്ദേശീയമായി നിർമിച്ചുവരികയാണ്. 2016 ലാണ് റഷ്യയുമായി 21000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.
റഷ്യൻ ഡിസൈനിലുള്ള നാല് യുദ്ധക്കപ്പലുകളാണ് കരാർ പ്രകാരം നിർമിക്കുക. റഷ്യയിൽ രണ്ട് യുദ്ധക്കപ്പൽ നിർമിക്കാനും ശേഷിക്കുന്ന രണ്ടെണ്ണം ഇന്ത്യയിൽ ഗോവ ഷിപ്പ്യാർഡിലും നിർമിക്കാനായിരുന്നു ധാരണ. ഇന്ത്യയിൽ നിർമിക്കുന്നവയെ ത്രിപുത് ക്ലാസ് എന്നാണ് വിളിച്ചത്.
26 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഐഎൻഎസ് തമാൽ നിർമിച്ചത്. ഐഎൻഎസ് തമാലിൽ അത്യാധുനിക റഡാർ സംവിധാനവും ഭാരമേറിയ ടോർപ്പീഡോകളും ബ്രഹ്മോസ് ക്രൂയിസ് മിസൈലും ഉൾപ്പെടെ നൂതനമായ നിരവധി സംവിധാനങ്ങളുണ്ട്. എകെ 630, എ190-01 100 മെയിൻ ഗൺ, ആർബിയു 6000 ആന്റി സബ് മറൈൻ റോക്കറ്റ് ലോഞ്ചർ, മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഷ്റ്റിൽ സംവിധാനങ്ങളും കപ്പിലിലുണ്ട്.
പരമ്പരാഗത, ആണവ പോരാട്ടങ്ങൾക്ക് ഉപയോഗിക്കാനാവുന്ന മിസൈലിന്റെ പരിധി 290 കിലോമീറ്ററിൽ നിന്ന് 450-500 കിലോമീറ്ററായി വികസിപ്പിച്ചിട്ടുണ്ട്. ഏകദേശം 125 മീറ്റർ നീളവും 3,900 ടൺ ഭാരവുമുള്ള ഫ്രിഗേറ്റിന്റെ സ്റ്റെൽത്ത് ശേഷിയും രൂപകൽപ്പനയും ശ്രദ്ധേയമാണ്.
ഐഎൻഎസ് തമാലിലെ റഡാർ സംവിധാനത്തിന് വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും പെട്ടെന്ന് കണ്ടെത്താനും ഫലപ്രദമായ പ്രത്യാക്രമണങ്ങൾ നടത്താനും കഴിയുമെന്ന് ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്രിഗേറ്റിന്റെ അത്യാധുനിക ആയുധ സംവിധാനം ശക്തമായ സമുദ്ര പ്രതിരോധവും എതിരാളികൾക്കെതിരെ ശക്തമായ തിരിച്ചടിക്കാനുള്ള ശേഷിയും ഉറപ്പാക്കുന്നു.
ചൈനയുടെ നീക്കങ്ങൾ ഇന്ത്യൻ മഹാസമുദ്ര മേഖലയും ഇന്തോ-പസഫിക് മേഖലകളും സുരക്ഷാ ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഈ മേഖലകളിൽ ഐഎൻഎസ് തമാൽ ഫലപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കച്ചിനടുത്തുള്ള അറബിക്കടൽ അതിർത്തിയിലൂടെ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരീക്ഷിക്കാനും ഐഎൻഎസ് തമാൽ സഹായകമാവും.
ഇന്ത്യൻ നാവിക സേനയുടെ ഭാഗമാക്കി മാറ്റുന്നതിന് മുമ്പ് ആൻഡമാൻ നിക്കോബാർ മേഖലയിൽ വെച്ച് ഇന്ത്യ ഐഎൻഎസ് തമാലിന്റെ കഴിവുകൾ വിലയിരുത്തിയിരുന്നു. പ്രത്യേകിച്ചും ബ്രഹ്മോസ് മിസൈൽ ഉൾപ്പടെയുള്ള ആയുധ സംവിധാനങ്ങൾ പരീക്ഷിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ പറന്ന മിസൈൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. റഡാറുകളുടെ കണ്ണിലകപ്പെടാതെ അത് ഒഴിഞ്ഞുമാറി. ബ്രഹ്മോസിന്റെ ഈ കഴിവ് ഇന്ത്യയ്ക്ക് വലിയ ശക്തിയണ്.
ഒരു നിശ്ചിത ഉയരത്തിൽ വസ്തുക്കളിൽ നിന്നുള്ള വികിരണം തിരിച്ചറിഞ്ഞാണ് റഡാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ഐഎൻഎസ് തമാലിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ റഡാർ പരിധിയിൽ പെടാതെ വളരെ താഴ്ന്നാണ് പറന്നത്.
എസ് 500, അയേൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പോലും ഐഎൻഎസ് തമാലിൽ നിന്നുള്ള ബ്രഹ്മോസിന്റെ ഈ കഴിവിൽ പരാജയപ്പെട്ടേക്കാം. കടൽ യുദ്ധത്തിന് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത യുദ്ധക്കപ്പലാണ് ഐഎൻഎസ് തമാൽ. എന്നാൽ കരയിലെ ശത്രുപാളയങ്ങൾ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണങ്ങൾക്കും ഇത് ഉപയോഗിക്കാം.
ബ്രഹ്മോസ് മിസൈലുകൾക്കൊപ്പം ബരാക്-8 മിസൈലുകളും ഐഎൻഎസ് തമാലിൽ വിന്യസിക്കാനാവും. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ, ഡ്രോണുകൾ ഉൾപ്പടെയുള്ളവ തിരിച്ചറിയാൻ ബരാക്-8 ന് സാധിക്കും. 70 മുതൽ 100 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ഇതിന് കഴിവുണ്ട്. 360 ഡിഗ്രി കവറേജും ഇത് ഉറപ്പ് നൽകുന്നു.