മുംബൈ: ആർഎസ്എസ് ആരംഭിച്ചതു മുതൽ ബ്രാഹ്മണ സമുദായത്തിൽനിന്നുള്ളവരാണ് ഉന്നത പദവി അലങ്കരിക്കുന്നതെന്നും അടുത്ത അധ്യക്ഷൻ പട്ടികജാതി-പട്ടികവർഗത്തിൽനിന്നുള്ള ആളാണോ എന്നു പറയാൻ കഴിയില്ലെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. അതു തെരഞ്ഞെടുക്കുന്നവരുടെ പരിഗണനയാണ്.
പ്രായാധിക്യത്തിലും തുടരാനാണ് ആർഎസ്എസ് ആവശ്യപ്പെട്ടതെന്നും സംഘടന നിർദേശിച്ചാൽ എപ്പോൾ വേണമെങ്കിലും അധ്യക്ഷപദവി ഒഴിയാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയർമെന്റ് ഇല്ല
ആർഎസ്എസ് അധ്യക്ഷൻ ഒരു ഹിന്ദു ആയിരിക്കണം. ജാതിയോ സമുദായ പരിഗണനയോ നോക്കിയല്ല, പ്രവർത്തനം വിലയിരുത്തിയാണ് സ്വയം സേവകനു പദവികൾ ലഭിക്കുന്നത്. പ്രാദേശിക, ഡിവിഷണൽ അധ്യക്ഷന്മാരാണ് സർസംഘചാലകിനെ തെരഞ്ഞെടുക്കുന്നത്. 75 വയസു കഴിഞ്ഞവർ സംഘടനയിൽ പദവികളൊന്നുമില്ലാതെ തുടരുകയാണ് പതിവെന്നും ആർഎസ്എസിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു മോഹൻ ഭാഗവത് പറഞ്ഞു.
അവസാന തുള്ളി രക്തം പൊടിയുന്നതുവരെ സംഘടനയുടെ വോളന്റിയർ ആയി തുടരണം. റിട്ടയർമെന്റ് എന്നൊന്ന് ആർഎസ്എസിന്റെ ചരിത്രത്തിൽ ഇല്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
വിരോധമില്ല
ഇംഗ്ലീഷ് അല്ല സംഘത്തിന്റെ ആശയമാധ്യമം. ആ ഭാഷയോടു വിദ്വേഷമില്ല. ദക്ഷിണഭാരതത്തിലുള്ള പലർക്കും ഹിന്ദി അറിഞ്ഞുകൊള്ളണമെന്നില്ല. അതിനാൽ അവരുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ മറുപടി പറയേണ്ടിവരും. ഏതെങ്കിലും മതത്തെ ലക്ഷ്യംവച്ചല്ല സംഘത്തിന്റെ പ്രവർത്തനം. ഭൂമിശാസ്ത്രപരമായാണ്.



