ന്യൂഡൽഹി: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി സ്ഥാനാർഥിയായി ഡോ. എ.പി.ജെ. അബ്ദുൾ കലാം പരിഗണിക്കപ്പെടുന്നതിന് മുൻപ് രാഷ്ട്രപതി സ്ഥാനത്തേക്ക് അടൽ ബിഹാരി വാജ്പേയിയെ ബിജെപി നിർദേശിച്ചതായി വെളിപ്പെടുത്തൽ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയോട് പ്രധാനമന്ത്രി പദവി ലാൽ കൃഷ്ണ അദ്വാനിയ്ക്ക് കൈമാറാനും നിർദേശമുണ്ടായിരുന്നതായും വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ഡൻ തന്റെ ‘അടൽ സന്സ്മരൺ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.
പാർട്ടിയുടെ നിർദേശം വാജ്പേയി പൂർണമായും നിഷേധിച്ചതായും ഭൂരിപക്ഷത്തിന്റെ പേരിൽ പ്രസിഡന്റ് ആകുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് പറയുകയും ചെയ്തതായി പുസ്തകത്തിൽ പറയുന്നു. 1998 മുതൽ 2004 വരെ വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായായിരുന്നു അശോക് ടണ്ഡൻ. “വാജ്പേയി ഇതിന് തയ്യാറായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ പേരിൽ പ്രസിഡന്റാകുന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് നല്ല സൂചനയല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അത് വളരെ തെറ്റായ കീഴ്വഴക്കമുണ്ടാക്കും”, പുസ്തകത്തിൽ പറയുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സമവായം ഉണ്ടാക്കാൻ വാജ്പേയി പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതായും പുസ്തകത്തിൽ പറയുന്നു.
“സോണിയ ഗാന്ധി, പ്രണബ് മുഖർജി, ഡോ. മൻമോഹൻ സിങ് എന്നിവർ അദ്ദേഹത്തെ കാണാൻ വന്നതായി ഞാൻ ഓർക്കുന്നു. എൻഡിഎ അവരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതായി വാജ്പേയി ഔദ്യോഗികമായി വെളിപ്പെടുത്തി. യോഗത്തിൽ നിമിഷനേരം നിശ്ശബ്ദത നിറഞ്ഞു. അപ്പോൾ സോണിയ ഗാന്ധി നിശബ്ദത ഭേദിച്ച് പറഞ്ഞത്, അദ്ദേഹത്തിന്റെ (വാജ്പേയിയുടെ) തിരഞ്ഞെടുപ്പിൽ അവർ ആശ്ചര്യപ്പെട്ടു എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും, അതേസമയം അവരുടെ നിർദേശം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആണ്.” ടണ്ഡൻ പറയുന്നു.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിവിധ നേതാക്കളുമായുള്ള വാജ്പേയിയുടെ ബന്ധത്തെക്കുറിച്ചുമുള്ള നിരവധി സംഭവങ്ങൾ ഠണ്ഡൻ വിവരിക്കുന്നു. ചില നയപരമായ വിഷയങ്ങളിൽ വാജ്പേയിയ്ക്കും അദ്വാനിയ്ക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുനേതാക്കൾക്കിടയിലുള്ള ബന്ധം ഒരിക്കലും പരസ്യമായി വഷളായിരുന്നില്ലെന്ന് പുസ്തകത്തിൽ ടണ്ഡൻ എഴുതിയിരിക്കുന്നു.
അദ്വാനി എപ്പോഴും അടൽജിയെ “എന്റെ നേതാവും പ്രചോദനവും” എന്ന് പരാമർശിക്കുകയും, വാജ്പേയി തിരിച്ചും അദ്ദേഹത്തെ തന്റെ ആത്മാർഥസുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. “വാജ്പേയിയുടെയും അദ്വാനിയുടെയും കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ സഹകരണത്തിന്റെയും സന്തുലിതാവസ്ഥയുടെയും പ്രതീകമായിരുന്നു. അവർ ബിജെപി രൂപവത്കരിക്കുക മാത്രമല്ല, പാർട്ടിക്കും സർക്കാരിനും പുതിയ ദിശാബോധം നൽകുകയും ചെയ്തു,” അദ്ദേഹം എഴുതുന്നു.
“2001 ഡിസംബർ 13 ന് പാർലമെന്റിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ അന്നത്തെ ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിയും വാജ്പേയിയും തമ്മിൽ ഒരു ഫോൺ സംഭാഷണം നടന്നു. ആക്രമണ സമയത്ത്, വാജ്പേയി അദ്ദേഹത്തിന്റെ വസതിയിലായിരുന്നു, സഹപ്രവർത്തകർക്കൊപ്പം ടെലിവിഷനിൽ സുരക്ഷാസേനയുടെ പ്രവർത്തനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു. അവർ പറഞ്ഞു, ‘നിങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, നിങ്ങൾ സുരക്ഷിതനാണോ?’ ഇതിന് അടൽജി മറുപടി പറഞ്ഞത്, ‘സോണിയ ജി, ഞാൻ സുരക്ഷിതനാണ്, നിങ്ങൾ പാർലമെന്റ് കെട്ടിടത്തിലുണ്ടോ എന്ന് ഞാൻ ആശങ്കപ്പെട്ടു. നിങ്ങൾ സൂക്ഷിക്കൂ’,” പുസ്തകത്തിൽനിന്ന് രാഷ്ട്രീയഭേദമെന്യേ മറ്റു നേതാക്കളുമായി വാജ്പേയി മികച്ച സൗഹൃദബന്ധം പുലര്ത്തിയിരുന്നതായി വ്യക്തമാകുന്നു.



