ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച്‌ 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങള്‍ ആഞ്ഞടിച്ചത്.

വാള്‍സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഖാർഗ് ഐലൻഡിലെ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തെ ഡെഡ്‌ലൈനിന് മുന്നോടിയായിട്ടായിരുന്നു ഈ മിന്നല്‍ നീക്കം. ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് തങ്ങളും വ്യാപകമായ ആക്രമണം പൂർത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേല്‍ തകർത്തത്.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഓരോ പവർ പ്ലാന്റും പാലങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഖാർഗ് ഐലൻഡ് ലക്ഷ്യം വെച്ചതെന്നാണ് വിലയിരുത്തല്‍. ഇറാന്റെ സാമ്പത്തിക ഭദ്രതയുടെ താക്കോലായാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് വഴിയാണ്. വലിയ ടാങ്കറുകള്‍ക്ക് അടുക്കാൻ കഴിയുന്ന ഏക പ്രമുഖ കേന്ദ്രമാണിത്.
സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് അഭിമുഖമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ആക്രമിക്കാൻ അമേരിക്കയ്ക്ക് എളുപ്പമാക്കുന്നു. ഖാർഗ് ഐലൻഡ് തകരുന്നതോടെ ഇറാന്റെ വിദേശ വരുമാനം പൂർണ്ണമായും നിലയ്ക്കും. ആക്രമണത്തെത്തുടർന്ന് ഖാർഗ് ഐലൻഡില്‍ വൻ സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം പുറത്തുവിട്ടിട്ടില്ല.