ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചാലിനും അമ്മയ്ക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ചലച്ചിത്ര നിർമ്മാതാവ് വിജ്ഞാൻ മാനെയെ വിലക്കി ബോംബെ ഹൈക്കോടതി. മാധ്യമ അഭിമുഖങ്ങളിലെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെയും പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചാലും തമ്മിൽ വിവാഹം നിശ്ചയിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധമായാണ് മാനെ പ്രസ്താവനകൾ നടത്തിയത്. പലാഷും മാനെയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടെന്നും മുച്ചാലിന്റെ വ്യക്തിപരമായ കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നത് പ്രഥമദൃഷ്ട്യാ പ്രസക്തമല്ലെന്നും ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ കേസെടുക്കാനും സ്ഥിരമായ വിലക്ക് ആവശ്യപ്പെട്ടുമാണ് പലാഷ് അഭിഭാഷകരായ സിദ്ധേഷ് ഭോലെ, അശ്വിൻ പിമ്പാലെ, ശ്രേയസ് മിത്താരെ എന്നിവർ മുഖേന കോടതിയെ സമീപിച്ചത്.



