ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ക്രൂഡ് ബോംബ് സ്ഫോടനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ശക്തികേന്ദ്രമായ ഗോപാൽഗഞ്ച് സെന്ററിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. 300 പാർലമെന്റ് സീറ്റുകളിൽ 299 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. വൈകിട്ട് 4.30 വരെയാണ് പോളിംഗ്.
പ്രക്ഷോഭങ്ങളെ തുടർന്ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. പത്ത് ലക്ഷത്തിലധികം സുരക്ഷാ സേനാംഗങ്ങളെയാണ് രാജ്യത്ത് വിന്യസിച്ചിരിക്കുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (BNP) ജമാഅത്ത്-ഇ-ഇസ്ലാമിയും തമ്മിലാണ് പ്രധാന മത്സരം.ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ കാവൽ സർക്കാരിന്റെ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു. 50 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 1755 സ്ഥാനാർഥികളും 273 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്



