ഒന്നര പതിറ്റാണ്ടിലേറെയായി വടക്കൻ നൈജീരിയയിൽ ഭീതി വിതച്ച ബോക്കോ ഹറാം ഭീകരതയെ അതിജീവിച്ച് ആയിരക്കണക്കിന് വിശ്വാസികൾ ദൈവാലയങ്ങളിലേക്ക് മടങ്ങിയെത്തുന്നു. ഭീകരാക്രമണങ്ങളെത്തുടർന്ന് വർഷങ്ങളോളം അടച്ചിടേണ്ടി വന്ന പള്ളികൾ വീണ്ടും സജീവമാകുന്നതായും വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായും പ്രാദേശിക ബിഷപ്പുമാർ അറിയിച്ചു.

2009-ൽ ബോക്കോ ഹറാം കലാപം തുടങ്ങിയ ശേഷം മൈദുഗുരി രൂപതയിൽ മാത്രം 90,000-ത്തിലധികം കത്തോലിക്കർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പള്ളികൾ തകർക്കപ്പെടുകയും ചെയ്തു. ഭീകരതയുടെ പ്രഭവകേന്ദ്രമായിരുന്ന മേഖലകളിൽ പോലും ഇപ്പോൾ വിവാഹങ്ങളും മാമോദീസകളും വൻതോതിൽ നടക്കുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് പുതുതായി മാമോദീസ സ്വീകരിച്ചത്.

മൈദുഗുരി രൂപതയിലെ ബിഷപ്പ് ഒലിവർ ഡോം, ബിഷപ്പ് ജോൺ ബക്കാനി എന്നിവർ നൽകുന്ന വിവരമനുസരിച്ച്, വിശ്വാസികളുടെ മടങ്ങിവരവ് ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ്. “മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കുമായി എത്തുന്നുണ്ട്. ഇത് നൂറുകണക്കിനല്ല, മറിച്ച് ആയിരക്കണക്കിന് പേരുടെ മടങ്ങിവരവാണ്,” അവർ വ്യക്തമാക്കി. മൈദുഗുരിയിലെ തീർഥാടന കേന്ദ്രത്തിൽ ഇത്തവണ റെക്കോർഡ് ജനപങ്കാളിത്തമാണ് ദൃശ്യമായത്.

ബോംബ് സ്ഫോടനങ്ങൾക്കും വെടിയൊച്ചകൾക്കും ഇടയിലും വിശ്വാസികൾ തങ്ങളുടെ ആത്മീയ ജീവിതം മുറുകെ പിടിച്ചതാണ് ഈ മടങ്ങിവരവിന് പിന്നിലെ കരുത്തെന്ന് ബിഷപ്പ് ഒലിവർ പറഞ്ഞു. നൈജീരിയയുടെ ചില ഭാഗങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും മറ്റ് പലയിടങ്ങളിലും ഇപ്പോഴും തട്ടിക്കൊണ്ടുപോകലുകളും അക്രമങ്ങളും തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

അന്താരാഷ്ട്ര കാരുണ്യ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ തകർക്കപ്പെട്ട ദൈവാലയങ്ങളും ക്ലിനിക്കുകളും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരിതങ്ങളിൽ തളരാതെ വിശ്വാസത്തിലേക്കും മാതൃസഭയിലേക്കും മടങ്ങിയെത്തുന്ന ഈ ജനത ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രതീക്ഷ പകരുന്നു.