ലോകപ്രശസ്ത കത്തോലിക്കാ സുവിശേഷപ്രഘോഷകനും അമേരിക്കൻ മെത്രാനുമായിരുന്ന ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീനെ സെപ്റ്റംബർ 24 – ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മിസ്സൂറിയിലെ സെന്റ് ലൂയിസിൽ വച്ച് നടക്കുന്ന ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ ലൂയിസ് ആന്റോണിയോ ടാഗ്ലെ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
‘ദൈവത്തിന്റെ മൈക്രോഫോൺ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബിഷപ് ഷീൻ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സുവിശേഷ സത്യങ്ങൾ ലോകമെമ്പാടും എത്തിച്ച വ്യക്തിയാണ്. 1950 – കളിൽ അദ്ദേഹം അവതരിപ്പിച്ച ‘ലൈഫ് ഇസ് വർത്ത് ലിവിംഗ്’ എന്ന ടെലിവിഷൻ പരിപാടി കോടിക്കണക്കിന് ആളുകളെ സ്വാധീനിച്ചിരുന്നു. ഇതിലൂടെ അദ്ദേഹത്തിന് എമ്മി അവാർഡും ലഭിച്ചിട്ടുണ്ട്.
1895 – ൽ ഇലിനോയിസിൽ ജനിച്ച അദ്ദേഹം 1919 – ൽ പുരോഹിതനായി അഭിഷിക്തനായി. 70 -ഓളം ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. നിത്യവുമുള്ള ദിവ്യകാരുണ്യ ആരാധനയായിരുന്നു തന്റെ ജീവിതത്തിന്റെ കരുത്തെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1979 ഡിസംബർ ഒമ്പതിന് 84-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. 2012 – ൽ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരുന്നു.



