ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മധ്യപ്രദേശിൽ ജംഗിൾ സഫാരിക്ക് പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. തുടർച്ചയായി തെരഞ്ഞെടുപ്പിൽ തോറ്റിട്ടും കോൺഗ്രസ് ആത്മപരിശോധനയ്ക്ക് വിസമ്മതിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
‘ബിഹാർ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അദ്ദേഹം അവധിക്കാലം ആഘോഷിക്കും. അവർ തോൽക്കുമ്പോൾ, അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയും എച്ച് ഫയലുകളിൽ (അവധിക്കാല ഫയലുകൾ) ഒരു പവർപോയിന്റ് പുറത്തിറക്കുകയും ചെയ്യും,” ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മധ്യപ്രദേശ് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർക്കുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ശനിയാഴ്ചയാണ് നർമദാപുരം ജില്ലയിലെ ഒരു കുന്നിൻ പ്രദേശമായ പച്മറിയിലെത്തിയത്. രാവിലെ 6.15 ന് രവിശങ്കർ ഭവനിൽ നിന്ന് പുറപ്പെട്ട് ഏകദേശം 10 കിലോമീറ്റർ ജംഗിൾ സവാരിയ്ക്ക് പോയിരുന്നു. അതേസമയം കിഷൻഗഞ്ചിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ഇന്ന് വൈകുന്നേരം ബീഹാറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.



