ജര്‍മനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിന്‍സ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മലയാളി വൈദികന് മോണ്‍. ജോഷി പൊട്ടയ്ക്കല്‍ ഇന്നലെ അഭിഷിക്തനായി. മയിന്‍സ് രൂപതയുടെ കത്തീഡ്രലായ സെന്റ് മാര്ട്ടിന് & സ്റ്റീഫന്‍ ദേവാലയത്തില്‍ ജര്‍മന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് മയിന്‍സ് രൂപത മെത്രാന് ഡോ. പീറ്റര്‍ കോള്‍ഗ്രാഫ് മുഖ്യകാര്‍മികനായി. മോണ്‍. ജോഷി പൊട്ടയ്ക്കലിന്റെ മാതൃരൂപതാ മെത്രാനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉള്‍പ്പെടെ വിവിധ മെത്രാന്മാരും മലയാളി വൈദികരും ചടങ്ങില്‍ പങ്കെടുക്കാനായി ജര്‍മനിയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിരുന്നു.
കര്‍മലീത്ത സന്യാസ സമൂഹാംഗമായ ഫാ. ജോഷി 21 വര്‍ഷമായി മയിന്‍സ് രൂപതയില്‍ സേവനം ചെയ്യുകയായിരുന്നു. എഡി 340ല്‍ സ്ഥാപിതമായ മയിന്‍സ് രൂപതയില്‍ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗമാണ് നിയുക്ത മെത്രാന്. മീങ്കുന്നം പൊട്ടയ്ക്കല്‍ പരേതരായ ജോര്‍ജിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്ഠസഹോദരന് ഫാ. ജോയ്സ് പൊട്ടയ്ക്കല്‍ കാനഡയില്‍ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിര്‍മല കോളജിലെ അസി. പ്രഫസര്‍ ജോബിയാണ് മറ്റൊരു സഹോദരന്.



