ഉത്തർപ്രദേശിലെ ഗോരഖ്പൂർ സീറോ-മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ ഡൊമിനിക് കൊക്കാട്ട്, സി.എസ്.ടി. (93) അന്തരിച്ചു. ജനുവരി 25 ഞായറാഴ്ച രാവിലെ 10.58 ന് ഗോരഖ്പൂരിലെ ഫാത്തിമ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1984 മുതൽ 2006 വരെ 22 വർഷം ഗോരഖ്പൂരിന്റെ ബിഷപ്പായി സേവനമനുഷ്ഠിച്ചു.
ന്യുമോണിയ ബാധയെ തുടർന്ന് ബിഷപ്പ് ഡൊമിനിക് ചികിത്സയിലായിരുന്നു. 1932 ഫെബ്രുവരി 23 ന് കേരളത്തിലെ വൈക്കത്ത് ജനിച്ച അദ്ദേഹം 1953 ൽ സി.എസ്.ടി. സന്യാസസമൂഹത്തിൽ അംഗമായി ഡൊമിനിക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാണ്ടിയിലും പൂനെയിലുമായിരുന്നു അദ്ദേഹത്തിന്റെ സെമിനാരി പഠനവും ദൈവശാസ്ത്ര പഠനവും. 1960 ഒക്ടോബർ നാലിന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.
അൽവായിലെ സി.എസ്.ടി. ഫിലോസഫിക്കൽ സെമിനാരിയുടെ വൈസ് റെക്ടർ; അൽവായിലെ ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ; പഞ്ചാബിലെ സി.എസ്.ടി. മിഷന്റെ മിഷൻ സുപ്പീരിയർ തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചു. 1978 മുതൽ 1982 വരെ അദ്ദേഹം സി.ബി.സി.ഐ.യുടെ അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. 1984 ഒക്ടോബർ നാലിന് പുതുതായി സ്ഥാപിതമായ ഗോരഖ്പൂർ രൂപതയുടെ ആദ്യത്തെ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1984 ഒക്ടോബർ 14 ന് ഗോരഗ്പൂർ രൂപതയുടെ ആദ്യത്തെ ബിഷപ്പായി അദ്ദേഹം സ്ഥാനമേറ്റു. കാനഡയിലെ കോഡി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമ നേടി. 1988 ൽ അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് ദി ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് (എൽഎസ്ടി) സ്ഥാപിച്ചു.



