ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026-ൽ ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച് ഒരു ദിവസം തികയുന്നതിന് മുൻപ് തീരുമാനം മാറ്റി. കടുത്ത ആലോചനകൾക്ക് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകൻ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യാഴാഴ്ച സംഘടന അറിയിച്ചു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ്റെ ഫയലുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.
ഭാരത് മണ്ഡപത്തിൽ ഇന്ന് നടക്കാനിരുന്ന ചടങ്ങിൽ ബിൽ ഗേറ്റ്‌സ് സംസാരിക്കേണ്ടതായിരുന്നു. എന്നാൽ എഐ സമിറ്റിന്റെ പ്രധാന മുൻഗണനകളിൽ നിന്ന് ശ്രദ്ധ മാറുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ പ്രസിഡന്റായ അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും. ഇന്ത്യയുടെ ആരോഗ്യ, വികസന ലക്ഷ്യങ്ങൾക്കായി തങ്ങൾ തുടർന്നും സഹകരിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.



