തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് രാജി വെച്ച മുൻ അസം കോൺഗ്രസ് പ്രസിഡന്‍റ് ഭൂപൻ ബോറ ബി.ജെ.പിയിൽ ചേർന്നു. മുൻ കോൺഗ്രസ് പ്രവർത്തകൻ സഞ്ചു ബോറയും ഭൂപനൊപ്പം ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭൂപൻ ബോറ രാജി കത്ത് സമർപ്പിച്ചെങ്കിലും കോൺഗ്രസ് അത് സ്വീകരിച്ചിരുന്നില്ല. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൻമാർ ബോറയുടെ വസതിയിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒപ്പം രാഹുൽ ഗാന്ധിയും സംസാരിച്ചിരുന്നു.

തീരുമാനം പുന:പരിശോധിക്കാൻ ഭൂപൻ ബോറ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബോറയുടെ വീട് സന്ദർശിച്ചതിന്‍റെ പിറ്റേ ദിവസം താൻ ബി.ജെ.പിയിൽ ചേരുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബോറയുടെ രാജി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെ ബാധിക്കില്ലെന്ന് അസം പി.സി.സി പ്രസിഡന്‍റ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചു.