ക്രമസമാധാന വിഭാഗം മുൻ എഡിജിപി എം.ആർ. അജിത്കുമാറിനെ ബെവ്കോ (BEVCO) സിഎംഡി സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റണമെന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം. ലിജു. ബെവ്കോയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ആലപ്പുഴയിൽ നടന്ന ‘രക്ഷാപ്രവർത്തന’ വിവാദവുമായി ബന്ധപ്പെട്ട് എം.ആർ. അജിത്കുമാർ നിലവിൽ കടുത്ത സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
നേരത്തെ എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് ഉദ്യോഗസ്ഥർക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (CAT) സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തൽസ്ഥാനത്തിരുന്ന അജിത്കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് ഒഴിവാക്കിയത്. അതിനുപിന്നാലെ, ബെവ്കോ എംഡിയായിരുന്ന ഐജി അർഷിത അത്തല്ലൂരിയെ മാറ്റി അജിത്കുമാറിനെ ബെവ്കോയുടെ സിഎംഡിയായി സർക്കാർ നിയമിക്കുകയായിരുന്നു.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് തലപ്പത്ത് വൈകാതെ തന്നെ വലിയ രീതിയിലുള്ള അഴിച്ചുപണി നടക്കാനിരിക്കുകയാണ്. ഈ പുനഃസംഘടനയിൽ അജിത്കുമാറിനെ ബെവ്കോയുടെ തലപ്പത്തുനിന്ന് മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചതായാണ് ലഭ്യമാകുന്ന വിവരം. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ ബെവ്കോയുടെ തലപ്പത്തേക്ക് വൈകാതെ പുതിയ മേധാവി എത്തും.



