ടിക്കറ്റും ബാഗേജും പരിശോധിക്കാനെന്ന വ്യാജേന ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കൊറിയൻ വിനോദസഞ്ചാരിയുടെ പരാതി.
സംഭവത്തെക്കുറിച്ച് ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കുന്നതിനിടെ കിം സുങ് ക്യുങ് എന്ന യുവതി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സമ്മതിച്ചു. ഈ അനുഭവം രാജ്യത്തെക്കുറിച്ചുള്ള തൻ്റെ ധാരണയെ മോശമാക്കിയിട്ടില്ലെന്നും വിമാനത്താവള സുരക്ഷ മെച്ചപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും അവർ പറഞ്ഞു.
ജനുവരി 19നായിരുന്നു സംഭവം. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയെ ബാഗേജ് പരിശോധന നടത്തണമെന്ന് പറഞ്ഞ് പ്രതിയായ അഫാൻ അഹമ്മദ് സമീപിക്കുകയായിരുന്നു. എഫ്ഐആർ പ്രകാരം, ടൂറിസ്റ്റിന്റെ ചെക്ക്-ഇൻ ബാഗേജിൽ ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്ന് അഫാൻ പറഞ്ഞു. കൗണ്ടറിൽ വച്ച് വിശദമായ പരിശോധന നടത്തിയാൽ വിമാനം വൈകുമെന്നും അതിനാൽ നേരിട്ട് പരിശോധിക്കാമെന്നും ഇയാൾ പറഞ്ഞു.



