ഗർഭഛിദ്രത്തിലൂടെ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി ഇറ്റാലിയൻ നഗരമായ സാൻ റെമോയിൽ എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് പ്രത്യേക മണിമുഴങ്ങുന്നു. പോളണ്ടിലെ ‘യെസ് ടു ലൈഫ്’ ( Yes to Life) ഫൗണ്ടേഷൻ 2020 – ൽ ആരംഭിച്ച ‘ദി വോയ്‌സ് ഓഫ് ദി അൺബോൺ’ (The Voice of the Unborn) എന്ന ആഗോള പദ്ധതിയുടെ ഭാഗമാണിത്.
ഗർഭഛിദ്രം ഒരു അവകാശമല്ല മറിച്ച് ഒരു കുറ്റകൃത്യമാണ്. ജനിക്കാത്ത കുഞ്ഞുങ്ങളുടെ ശബ്ദമാകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാൻ റെമോ ബിഷപ്പ് മോൺസിഞ്ഞോർ അന്റോണിയോ സുവെറ്റയാണ് കടുത്ത രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്. ’ഗർഭസ്ഥ ശിശുക്കളുടെ ജീവനെടുക്കുന്നത് ഒരു നാഗരിക നേട്ടമല്ല മറിച്ച് അതൊരു ദുരന്തമാണ്’ എന്ന് ബിഷപ്പ് അന്റോണിയോ സുവെറ്റ പറഞ്ഞു. പോളണ്ട്, ഉക്രൈൻ, ഇക്വഡോർ, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ മണികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ മാർപാപ്പ നേരിട്ട് വെഞ്ചരിച്ചവയാണ്.
രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും വിശ്വാസികൾക്കിടയിൽ ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.



