2026 ലെ ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുൻപിൽ വ്യത്യസ്തമായ ഒരു നിർദ്ദേശം വച്ചിരിക്കുകയാണ്. ടൂർണമെന്റിനായി ഇന്ത്യയിലേക്ക് പോകുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ, മത്സരത്തിൽ അവരുടെ ഗ്രൂപ്പ് മാറ്റാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
നിലവിലെ ടി20 ലോകകപ്പ് പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാനായി ബംഗ്ലാദേശിലേക്ക് പോയ ഐസിസി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബിസിബി പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ചർച്ചയിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ഐസിസിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ടീം, ബംഗ്ലാദേശ് ആരാധകർ, മാധ്യമങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സുരക്ഷ സംബന്ധിച്ച ബംഗ്ലാദേശ് സർക്കാരിന്റെ ആശങ്കകളും ബോർഡ് പങ്കുവെച്ചതായി പത്രക്കുറിപ്പിൽ പറഞ്ഞു.



