ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ തുടർന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ തലവൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന മുഹമ്മദ് യൂനുസ്. യാത്രയയപ്പ് പ്രസംഗത്തിലായിരുന്നു പരാമർശം. 18 മാസം നീണ്ട തന്റെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ വിഷയമായ വടക്കുകിഴക്കൻ മേഖലയെ പരാമർശിച്ചാണ് യൂനുസ് വീണ്ടും വിവാദമുണ്ടാക്കിയത്. 

ദേശീയതയെ കുറിച്ച്  വാചാലമായ 25 മിനിറ്റ് പ്രസംഗത്തിൽ, ബംഗ്ലാദേശിന്റെ  ‘തുറന്ന കടൽ’ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ‘സെവൻ സിസ്റ്റേഴ്സി’ന് വലിയ സാമ്പത്തിക സാധ്യതകൾ നൽകാൻ കഴിയുമെന്നാണ് യൂനുസ് ഊന്നിപ്പറഞ്ഞത്. ഇന്ത്യയുടെ പേര് പരാമർശിക്കാതെ, സെവൻ സിസ്റ്റേഴ്സിനെ പരാമർശിച്ചത് ഇന്ത്യയെ ചൊടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സെവൻ സിസ്റ്റേഴ്സിനെ ഇന്ത്യയിൽ നിന്ന് വേറിട്ട ഒരു സ്ഥാപനമായി ചിത്രീകരിക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തുന്നത്.