ഫെബ്രുവരി 12 ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിനമാണ്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യം ആദ്യമായി ഒരു പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നു.

ഇത് കേവലം ഭരണമാറ്റത്തിനായുള്ള വോട്ടെടുപ്പ് മാത്രമല്ല, ഭരണഘടനയിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ‘ജൂലൈ ചാർട്ടർ’ എന്ന റഫറണ്ടം കൂടിയാണ്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ആണ് മത്സരത്തിൽ മുൻപന്തിയിലുള്ളതെന്ന് കരുതപ്പെട്ടിരുന്നതെങ്കിലും, ഷഫീഖുർ റഹ്മാൻ നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമി വലിയ സർപ്രൈസുകൾ ഒരുക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ബിഎൻപി 250-ലധികം സീറ്റുകൾ നേടി വലിയ വിജയം കൈവരിക്കുമെന്നായിരുന്നു ആദ്യകാല വിലയിരുത്തലുകൾ. എന്നാൽ ഏറ്റവും പുതിയ സർവ്വേകൾ ബിഎൻപിയും ജമാഅത്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ലാത്ത ഈ തിരഞ്ഞെടുപ്പിൽ, 48 ശതമാനത്തോളം വരുന്ന വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ സാധ്യതയുള്ള മൂന്ന് പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്.