വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് കർശന നിർദേശം നൽകി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ പൂർണ്ണമായി കഴിയുന്നത് വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്നാണ് പുതിയ നിർദേശം. സീൽ ചെയ്യാത്ത മുറികളും ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര, പാലക്കാട് നെന്മാറ എന്നീ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സ്ട്രോങ് റൂം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണവും തേടിയിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സമാനമായ സ്ട്രോങ് റൂം വിവാദം ഉയർന്നുവന്നത്. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വലിയ വിവാദമായതോടെ പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.
എന്നാൽ തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും, ഇവിഎം (EVM) സ്ട്രോങ് റൂം അല്ലെന്നും പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേർന്നാണ് തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടർ വ്യക്തമാക്കിയത്. ഫോം 17 എ (Form 17 A) എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം.
നിലവിൽ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുന്നത് പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ മാത്രമേ ഇനി മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മാത്രമല്ല, മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
അതേസമയം, കോഴിക്കോട്ടെ സ്ട്രോങ് റൂം വിവാദം വിടാതെ മുന്നോട്ട് പോവുകയാണ് യുഡിഎഫ്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് പരാതിയിൽ കോഴിക്കോട് ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ഈ വിഷയത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറാണ് അടിയന്തര റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫിന്റെ പ്രധാന പരാതി. എന്നാൽ തുറന്നത് സ്ട്രോങ് റൂമല്ല റിസർവ്വ് റൂമാണെന്ന ഔദ്യോഗിക വിശദീകരണം വന്നെങ്കിലും, നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന യുഡിഎഫ് ആരോപണത്തിന് ഇപ്പോൾ ബലമേറുകയാണ്.



