ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പരാതിക്കാരിയെ തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ പോലീസിന്റെ നടപടി. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയെ മോശമായി ചിത്രീകരിച്ചതിനാണ് നേരത്തെ രാഹുൽ ഈശ്വർ അറസ്റ്റിലായത്. ഈ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, വീണ്ടും നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പൊലീസ് അപേക്ഷയിൽ വ്യക്തമാക്കുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ച പശ്ചാത്തലത്തിൽ കോടതി ഉടൻ രാഹുൽ ഈശ്വറിന് നോട്ടീസ് അയക്കും. വ്യവസ്ഥകളുടെ ലംഘനം ബോധ്യപ്പെട്ടാൽ കോടതിക്ക് ജാമ്യം റദ്ദാക്കി പ്രതിയെ വീണ്ടും ജയിലിലേക്ക് അയക്കാൻ അധികാരമുണ്ട്.