മധ്യകാല യൂറോപ്പിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നാണ് ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് പാൻഡെമിക്. വെറും അഞ്ചുവർഷംകൊണ്ട് ഏകദേശം 25 ദശലക്ഷം ആളുകളുടെ ജീവനാണ് പ്ലേഗ് അപഹരിച്ചത്. പ്ലേഗിനു കാരണമായ യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ, അതിന്റെ ജീനുകളിലെ മാറ്റങ്ങൾ മൂലമുള്ള പാൻഡെമിക് തരംഗങ്ങൾക്കുശേഷവും നൂറ്റാണ്ടുകളായി മനുഷ്യരിൽ നിലനിന്നിരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
കുറഞ്ഞത് അയ്യായിരം വർഷമായി മനുഷ്യർക്കിടയിൽ പ്രചരിക്കുന്ന യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് പ്ലേഗ് പാൻഡെമിക് എന്ന രോഗത്തിനു കാരണമാകുന്നത്. കണ്ടെത്തലുകളിൽനിന്നും ടെസ്റ്റ് സാമ്പിളുകളുടെ പരിശോധനയിൽ നിന്നും ഈ അടുത്ത കാലത്തെ വിശകലനത്തെ അടിസ്ഥാനമാക്കിയുമെല്ലാം അസുഖത്തിന്റെ തരംഗങ്ങൾ ശമിച്ചതിനുശേഷവും നൂറുകണക്കിനു വർഷങ്ങളായി മനുഷ്യരിൽ പ്ലേഗ് നിലനിന്നിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്.
എ ഡി ഒന്നാം നൂറ്റാണ്ടുമുതൽ മൂന്ന് പ്രധാന പ്ലേഗ് പാൻഡെമിക്കുകൾക്ക് യെർസിനിയ കാരണമായിട്ടുണ്ട്. ഏഷ്യ, തെക്കേ അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇപ്പോഴും വർഷത്തിൽ പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ ഇവയെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാനും കഴിയുന്നുമുണ്ട്.