തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടറോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്.
ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
അതേസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ടർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.



