കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ പിടിമുറുക്കി ഹൈക്കോടതി. കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും ഓഡിറ്റർ പറഞ്ഞു.
കണക്കുകൾ തയാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കോടതി കക്ഷി ചേർത്തിരുന്നു. വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ഓഡിറ്ററോട് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റർ ഹാജരായത്.
അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് തയാറാക്കിയ കണക്ക് സ്പെഷ്യൽ കമ്മീഷണർ വഴി ഹാജരാക്കിയെങ്കിലും കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.
തുടർന്ന് കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് കമ്മിറ്റിയെ വെച്ചെങ്കിലും കോടതിയിൽ കണക്ക് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കണ്ക്ക് നേരിട്ട് കോടതി പരിശോധിക്കുന്നത്.



