സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂതൻമ്മാരുടെ ‘ഹനുക്ക’ ആഘോഷങ്ങൾക്കിടെ ഉണ്ടായ ഭീകരാക്രമണത്തെ ‘ജൂതവിരുദ്ധ ആക്രമണം’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജൂതവിരുദ്ധതയ്ക്ക് ലോകത്ത് ഒരിടത്തും സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് ട്രംപ് സിഡ്‌നിയിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ചത്. ഇതൊരു “ഭയാനകമായ ആക്രമണം” എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഭാര്യ മെലാനിയയ്‌ക്കൊപ്പം സംസാരിച്ച ട്രംപ് സംഭവത്തെ “തികച്ചും ജൂതവിരുദ്ധ ആക്രമണം ആണെന്നും” അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ഇന്ന് രാത്രി മുതൽ ഹനുക്ക ആഘോഷങ്ങൾ തുടങ്ങാനിരിക്കുകയാണ്. ആഘോഷങ്ങളിൽ ഭയപ്പെടാതെ പങ്കെടുക്കാൻ ജൂത സമൂഹത്തോട് ട്രംപ് ആഹ്വാനം ചെയ്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആക്രമണത്തെ അപലപിച്ചു. “ഈ ലോകത്ത് ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും. ഈ ഭയാനകമായ ആക്രമണത്തിന്റെ ഇരകൾക്കൊപ്പവും ജൂത സമൂഹത്തിനോടും ഓസ്‌ട്രേലിയയിലെ ജനങ്ങളോടും ഒപ്പം ഞങ്ങളുടെ പ്രാർഥനകൾ ഉണ്ട്,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.



