ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതൽ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 

പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാൻ നാല് ബൈക്ക് ഫസ്റ്റ് റെസ്പോൺസ് ടീം, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കൺട്രോൾ റൂമിലും ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ ചൂട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിചരണം നൽകാൻ ആവശ്യമായ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സിഎച്ച്സി പൂന്തുറ, സിഎച്ച്സി ഐരാണിമുട്ടം, എഫ്എച്ച്സി ജഗതി, എഫ്എച്ച്സി കരമന, യുപിഎച്ച്സികളായ ആറ്റുകാൽ, ചാല, ചാക്ക, കളിപ്പാൻകുളം, പാൽക്കുളങ്ങര, രാജാജി നഗർ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്.