ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് നേരെ അതിശക്തമായ വ്യോമാക്രമണം നടന്നു. ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർവ്വകലാശാലയിലെ ടെക്‌നോളജി സെന്റർ കെട്ടിടത്തിനും ക്യാമ്പസിലെ പള്ളിക്കും ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാലും അറ്റകുറ്റപ്പണികൾക്കുമായി സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ഡിസ്ട്രിക്റ്റിലെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി നഗരസഭാ മേധാവി അറിയിച്ചു. ഇതിനകം തന്നെ തെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് നേരെയും ആക്രമണങ്ങളുണ്ടായിരുന്നു.

തലസ്ഥാന നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മറ്റൊരു വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. തെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ തെക്കുള്ള വിശുദ്ധ നഗരമായ ഖോമിലും ജനവാസ കേന്ദ്രത്തിന് നേരെ അമേരിക്കൻ-ഇസ്റാഈൽ സംയുക്ത ആക്രമണമുണ്ടായി. ഇവിടെ ഒരു കെട്ടിടം തകരുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ആവർത്തിച്ചാൽ ഇറാന്റെ തിരിച്ചടി അതിരൂക്ഷവും വ്യാപകവുമായിരിക്കുമെന്ന് ഇറാന്റെ സൈനിക കമാൻഡ് വിഭാഗമായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് മുന്നറിയിപ്പ് നൽകി.