ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഏത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകാൻ മന്ത്രിയുടെ മൊഴി അനിവാര്യമെന്ന് പോലീസ്. കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്തുന്ന റെയിൽവേ പോലീസ്, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശാരീരിക അസ്വസ്ഥതകൾ കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് പോലീസ് കോടതിയെ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിച്ചെന്നാണ് കേസ് റിപ്പോർട്ടിൽ പറയുന്നത്. തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിച്ചതായും റിപ്പോർട്ടിലുണ്ട്.
സംഭവസ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണസംഘത്തലവനായ കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ കോടതിയെ അറിയിച്ചു. തടഞ്ഞുവെച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കേസുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് (മാർച്ച് 2) മാറ്റി വെച്ചു.
കേസിൽ അറസ്റ്റിലായ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), വി.വി. അക്ഷയ് (24), സി.എച്ച്. മുബാസ് (26), ബിതുൽ ബാലൻ (23), അഹമ്മദ് യാസിൻ (22) എന്നിവർ നിലവിൽ റിമാൻഡിലാണ്. എന്നാൽ, ആക്രമിക്കുന്ന ദൃശ്യങ്ങളോ മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുകളോ പ്രാഥമികമായി കണ്ടെത്താത്ത സാഹചര്യത്തിൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായം പോലീസ് സേനയ്ക്കുള്ളിൽ തന്നെ ഉയർന്നിട്ടുണ്ട്.



