നൈജീരിയയിലെ തരാബ സംസ്ഥാനത്ത് തകം ജില്ലയിലെ അഡുവിലുള്ള സെന്റ് ജെയിംസ് ദി ഗ്രേറ്റ് കത്തോലിക്കാ ദൈവാലയത്തിനു നേരെ ആക്രമണം നടത്തി ഫുലാനി തീവ്രവാദികൾ. മാർച്ച് 23 ന്, നടന്ന ആക്രമണത്തിൽ ദൈവാലയത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിൽ ദൈവാലയത്തിന്റെ ജനാലകൾ തകരുകയും ഇടവക കെട്ടിടങ്ങൾ കൊള്ളയടിക്കപ്പെടുകയും റെക്ടറിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ദൈവാലയത്തിനുള്ളിലെ ഫർണിച്ചറുകളും മറ്റ് വിശുദ്ധവസ്തുക്കളും അക്രമികൾ അടിച്ചുതകർത്തു. പള്ളിയുടെ കെട്ടിടത്തിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനു ശേഷം അക്രമികൾ വനമേഖലയിലേക്ക് രക്ഷപെട്ടു. നൈജീരിയയുടെ വടക്കൻ മേഖലകളിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കും വിശ്വാസികൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സഭാനേതൃത്വം കടുത്ത ആശങ്ക രേഖപ്പെടുത്തി.
നൈജീരിയയിൽ ക്രൈസ്തവസമൂഹത്തിനു നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ അന്താരാഷ്ട്രതലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മേഖലയിലെ അരക്ഷിതാവസ്ഥ ഏകദേശം 90,000 ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി.



