ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാഖിലെ കുർദിസ്ഥാനിൽ ഒരു ക്രിസ്ത്യൻ സെമിത്തേരിക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ബാഗ്ദാദിലെ കൽദായ പാത്രിയാർക്കീസ് ​​കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. അതോടൊപ്പം, ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.

എർബിൽ പ്രവിശ്യയിലെ കോയ ജില്ലയിലെ ഹർമോട്ട ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട സെമിത്തേരി സ്ഥിതിചെയ്യുന്നതെന്ന് ഡിസംബർ അഞ്ചിന് ഏഷ്യാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അജ്ഞാതരായ ആളുകൾ ഏകദേശം പന്ത്രണ്ടോളം കുഴിമാടങ്ങൾ നശിപ്പിക്കുകയായിരുന്നു.

“ആക്രമണം ധാർമ്മികമായും മതപരമായും അസ്വീകാര്യമാണ്” – കർദിനാൾ പറഞ്ഞു. ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാത്ത പക്ഷം കുടിയേറ്റത്തിന്റെ മറ്റൊരു അധ്യായം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഏറ്റവും പുതിയ മതസ്വാതന്ത്ര്യ റിപ്പോർട്ട് അനുസരിച്ച്, 2016 ൽ ഇറാഖി ജനസംഖ്യയുടെ 0.94% ക്രൈസ്തവരായിരുന്നു. എന്നാൽ ഇപ്പോൾ അവർ 45 ദശലക്ഷം നിവാസികളിൽ 0.3% മാത്രമാണ്. സമീപ വർഷങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്, ക്രിസ്ത്യാനികൾക്കെതിരെ ആരംഭിച്ച പീഡനങ്ങൾ ഇവിടുത്തെ ക്രൈസ്തവരുടെ എണ്ണം കുറയാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതേസമയം, പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ ഓഫീസ് ഈ പ്രവൃത്തിയെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.