സുഡാന്റെ വടക്കൻ ഭാഗത്തുള്ള ഒരു പ്രദേശത്ത് ഞായറാഴ്ച അജ്ഞാതരായ ഒരു സംഘം നടത്തിയ ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 169 ഓളം പേർ കൊല്ലപ്പെട്ടതായി ദക്ഷിണ സുഡാനിലെ അധികാരികൾ അറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ഗ്രാമം അക്ഷരാർഥത്തിൽ ശ്മശാനമായി മാറിയതായി അറിയിപ്പിൽ പറയുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ട 169 പേരിൽ 90 പേർ സിവിലിയന്മാരും 79 പേർ സർക്കാർ സൈനികരുമാണ്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡസൻ കണക്കിന് ആയുധധാരികളായ യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് റുവെങ് അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ ഇൻഫർമേഷൻ മന്ത്രി ജെയിംസ് മോണിലുവാക് മിജോക്ക് അറിയിച്ചു. അക്രമകാരികൾ അയൽരാജ്യമായ യൂണിറ്റി സ്റ്റേറ്റിൽ നിന്നുള്ളവരാണെന്നും സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി ഇൻ ഒപിസഷനു  (SPLA-IO) മായി ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് SPLA-IO നിഷേധിച്ചു. അധികാരികൾ അക്രമത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അവർ ആരോപിച്ചു. രാജ്യം വീണ്ടും പൂർണ്ണ തോതിലുള്ള ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അയൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പലരും പ്രാണരക്ഷാർഥം കാടുകളിലേക്ക് ഓടിപ്പോയതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.