വിവാദങ്ങൾക്കൊടുവിൽ 2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഐസിസിയെ (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) സമീപിക്കും. ദുബായിൽ നടന്ന ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടിയത്.

മത്സരശേഷം പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യുടെയും പിസിബി (പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) യുടെയും ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ടീം ഇന്ത്യ വിസമ്മതിച്ചു. ഇതാണ് ട്രോഫി വിവാദത്തിന് തുടക്കമിട്ടത്. ഇന്ത്യ സ്വീകരിക്കാത്ത ട്രോഫി നഖ്‌വിയുടെ നിർദ്ദേശപ്രകാരം മൈതാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് പലവട്ടം ഇന്ത്യ ആവശ്യപ്പെട്ടിട്ടും ഇത് കൈമാറാൻ നഖ്‌വി തയ്യാറായിരുന്നില്ല. ഇതിനിടെ ഇന്ത്യൻ ക്യാപ്റ്റന് ദുബായിയിലെത്തി ട്രോഫി കൈപ്പറ്റാമെന്നും നഖ്‌വി പറഞ്ഞിരുന്നു.