ലഡാക്കിലെ ലേയിൽ താങ്സ്റ്റെ മലനിരകൾക്കുസമീപം ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്നു വീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് ബുധനാഴ്ച അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ വെള്ളിയാഴ്ചയാണ് സേന പുറത്തുവിട്ടത്.
അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് സൈനിക ഉദ്യോഗസ്ഥരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 3 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് ആയ മേജർ ജനറൽ സച്ചിൻ മേത്തയും മറ്റുരണ്ട് പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

അപകടത്തിന് തൊട്ടുപിന്നാലെ മേജർ ജനറൽ സച്ചിൻ മേത്ത പകർത്തിയ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ, അപകടകാരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

1970-കൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ചീറ്റ ഹെലികോപ്റ്ററുകൾ. 1984-ലെ ഓപ്പറേഷൻ മേഘദൂത് ഉൾപ്പെടെ സിയാച്ചിൻ ഗ്ലേസിയറിലെ സൈനിക നീക്കങ്ങളിൽ ഈ ഹെലികോപ്റ്ററുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ പഴക്കം ചെന്ന ഹെലികോപ്റ്റർ സമീപകാലത്ത് നിരവധി അപകടങ്ങളിൽപ്പെടുകയും പൈലറ്റുമാരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.