ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഉറക്കം തടസപ്പെടുത്തി ചായ ചോദിച്ചതിന് ജ്യേഷ്ഠനെ അനിയൻ കോടാലി കൊണ്ട് അടിച്ചുകൊന്നു. മുസാരിബ് ബേഗ് എന്ന യുവാവാണ് സഹോദരൻ താരിഖ് ബേഗിനെ കൊലപ്പെടുത്തിയത്.

ഫെബ്രുവരി 10 നാണ് സംഭവം നടക്കുന്നത്. മുസാരിബ് ചായ ചോദിച്ചുകൊണ്ട് താരിഖ് ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ വാതിൽ മുട്ടി. ഉറക്കം തടസപ്പെടുത്തിയതിൽ പ്രകോപിതനായ താരിഖ് മുസാരിഖിനോട് വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കിക്കുകയും നിയന്ത്രണം വിട്ട മുസാരിഖ് വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് താരിഖിന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ താരിഖ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം മുസാരിഖ് വീടിന്‍റെ മുറ്റത്ത് ആറടി ആഴമുള്ള ഒരു കുഴി കുഴിക്കുകയും മൃതദേഹം മറവ് ചെയ്ത് ഇഷ്ടികകൾ കൊണ്ട് മൂടുകയും ചെയ്തു.

സംശയം തോന്നാതിരിക്കാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ സഹോദരനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ മുഹമ്മദ് സലിം എന്ന ബന്ധു സംശയം തോന്നിയിരുന്നു. ഇതേ തുടർന്ന് പോലീസ് മുസാരിഖിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

വീടിന്‍റെ മുറ്റം കുഴിച്ച് താരിഖിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.