ബംഗളൂരു: ബംഗളൂരുവിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു കൊന്നു. കൊൽക്കേരി സ്വദേശി വി. കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ എസ്. യുവരാജ് (28), സുഹൃത്ത് എസ്. ഗംഗാരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി കിരൺ യുവരാജിനോട് പണം ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കിരണം പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
സംഭവം നടക്കുന്ന ദിവസം യുവരാജും ഗംഗാരാജും സഞ്ചരിക്കുന്ന ഓട്ടോ കിരൺ തടഞ്ഞുനിർത്തി വീണ്ടും പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് കോപാകുലനായ യുവരാജ് ഓട്ടോയിലുണ്ടായിരുന്ന ജാക്കി ഉപയോഗിച്ച് കിരണിന്റെ തലയിൽ അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കിരൺ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പിന്നീട് റോഡിൽ കിടക്കുന്ന കിരണിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികുടി.
കൊല്ലപ്പെട്ട കിരൺ മുന്പ് പണത്തിനായി ആളുകളെ ആക്രമിച്ചതിന്റെ പേരിൽ മൂന്ന് കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



