ഡൽഹി മദ്യനയക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ. നിലവിൽ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ഇത് മറ്റൊരു ജഡ്ജിയിലേക്ക് മാറ്റണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം.

ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് തനിക്ക് നിഷ്പക്ഷമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.സിബിഐയുടെ അപ്പീൽ കേൾക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ, മറുഭാഗം പറയുന്നത് കേൾക്കാതെ തന്നെ വിചാരണ കോടതിയുടെ ഉത്തരവ് ‘തെറ്റാണ്’ (erroneous) എന്ന് ജസ്റ്റിസ് നിരീക്ഷിച്ചതായി കെജ്‌രിവാൾ ആരോപിക്കുന്നു. മുൻപ് തന്റെ അറസ്റ്റിനെതിരെയുള്ള ഹർജികളും മറ്റ് എഎപി നേതാക്കളുടെ ജാമ്യാപേക്ഷകളും ഇതേ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവുകളിൽ പലതും പിന്നീട് സുപ്രീം കോടതി തിരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 27-ന് പ്രത്യേക സിബിഐ കോടതി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ 23 പേരെയും കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം വസ്തുതകളില്ലാത്തതാണെന്നും ‘കെട്ടിച്ചമച്ചതാണെന്നും’ വിചാരണ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. കെജ്‌രിവാളിനൊപ്പം മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഹൈക്കോടതി സമൻസിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥനെതിരെയുള്ള വകുപ്പുതല നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതിനെയും ഇവർ ചോദ്യം ചെയ്യുന്നു.