തൊണ്ടിമുതൽ തിരിമറി കേസിൽ എംഎൽഎ ആന്റണി രാജു കുറ്റക്കാരനെന്ന് കണ്ടെത്തൽ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് കോടതി വിധിപറഞ്ഞത്.
കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്.



