തൊണ്ടിമുതൽ അട്ടിമറി കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആന്റണി രാജു. വിചാരണ കോടതി വിധിക്കെതിരെ ആന്റണി രാജു കഴിഞ്ഞ ദിവസം നൽകിയിരുന്ന ഹർജി തിരുവനന്തപുരം സെക്ഷൻസ് കോടതി തള്ളിയിരുന്നു.

ഇതിനെതിരെയാണ് ആന്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകിയത്.  നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷ വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി രാജു നൽകിയ ഹർജിയാണ് തിരുവനന്തപുരം സെക്ഷൻസ് കോടതി തള്ളിയിരുന്നത്.

അപ്പീലിൽ വിചാരണ കോടതി പുറപ്പെടുവിച്ച ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാണ് ആന്റണി രാജു ആവശ്യപ്പെട്ടത്. താൻ കൊടുത്ത തെളിവുകൾ സെഷൻസ് കോടതിയും വിചാരണ കോടതിയും പരിഗണിച്ചില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. 

ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെക്ഷൻസ് കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും നിയമസഭയിലെ സിറ്റിങ്‌ എംഎൽഎയാണ് താനെന്നും ശിക്ഷാവിധിക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടുവെന്നും ആന്റണി രാജു അപ്പീലിൻ ചൂണ്ടിക്കാട്ടി.

ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭ അംഗത്വം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്.