ലണ്ടനിൽ ജൂത ജനവിഭാഗങ്ങൾക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ മാത്രം ജൂതവിരുദ്ധ അക്രമങ്ങളിൽ 72 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ പുറത്തുവിട്ട മെട്രോപൊളിറ്റൻ പൊലീസിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 2023-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വർധനവാണിത്.
പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ 148 ജൂതവിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മെയ് മാസത്തിൽ ഇത് 255 ആയി ഉയർന്നു. വടക്കൻ ലണ്ടനിൽ ജൂതന്മാർ ഏറ്റവും കൂടുതൽ താമസിക്കുന്ന ഗോൾഡേഴ്സ് ഗ്രീൻ, ഹെൻഡൻ, ഫിൻക്ലി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ബാർനെറ്റിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 30 ശതമാനവും (76 കേസുകൾ) ഇവിടെയാണ്. ഹാക്ക്നി, വെസ്റ്റ്മിൻസ്റ്റർ, കാംഡൻ, ഹാരിംഗി, ടവർ ഹാംലെറ്റ്സ് എന്നീ നഗരങ്ങളിലും വലിയ തോതിൽ ജൂതവിരുദ്ധ അതിക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് അഞ്ചിന് വൈറ്റ്ചാപ്പലിലുള്ള ജൂതന്മാരുടെ പഴയ പ്രാർഥനാലയത്തിന് നേരെ സാമൂഹിക വിരുദ്ധർ തീവെപ്പ് നടത്തിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു.



