തനിക്ക് അനുവദിച്ചിട്ടുള്ള സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിൽ 36 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ സമയത്താണ് കേന്ദ്രം ഈ സുരക്ഷ അനുവദിച്ചത്.
ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. തൻ്റെ പുതിയ പാർട്ടിയിൽ ഇതിനകം 15 ലക്ഷം ആളുകൾ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും ബിജെപി വിട്ടേക്കുമെന്നും വിവരമുണ്ട്. ഐപിഎസ് പദവി ഉപേക്ഷിച്ച് 2020-ൽ ബിജെപിയിൽ എത്തിയ അദ്ദേഹം 2021-ലാണ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
രാജിവെക്കുന്നതിന് മുൻപ് ഡൽഹിയിലെത്തിയ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ അനുനയനീക്കം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം രാജിയിൽ ഉറച്ചുനിന്നത്. തുടർന്ന് അഞ്ച് പേജുള്ള രാജിക്കത്ത് നേതൃത്വത്തിന് കൈമാറി. സംസ്ഥാന രാഷ്ട്രീയത്തിൽ നേരിട്ട അവഗണനയും നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നേതൃത്വം നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. തമിഴ്നാട്ടിൽ ദീർഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വർഷമെങ്കിലും തുടർച്ചയായി ഈ ചുമതല നൽകണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. എന്നാൽ ഇത് കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. തമിഴ്‌നാടിൻ്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച കാഴ്ചപ്പാടുകളിൽ പാർട്ടി നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയാത്തതാണ് രാജിക്കുള്ള പ്രധാന കാരണമെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.



