ബിജെപിയുമായുള്ള ആറുവർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമമായ എക്സിലെ (X) പ്രൊഫൈൽ ബയോ മാറ്റി തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’ (A common man in search of good politics!) എന്നാണ് അദ്ദേഹം തന്റെ പുതിയ ബയോ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാർട്ടിയിൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പുനൽകിയെങ്കിലും, ബിജെപി വിടാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് അണ്ണാമലൈ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് അദ്ദേഹം പാർട്ടിയിൽ നിന്നും വേർപിരിഞ്ഞത്.
ബിജെപി വിട്ടതിന് പിന്നാലെ, തമിഴ്‌നാട്ടിൽ ഉടൻ തന്നെ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനകേന്ദ്രീകൃതമായ പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് ജനവിധി തേടുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു.



