ഡൽഹിയിലെ രാഷ്ട്രപതി ഭവന്റെ അഭിമാനമായ അമൃത് ഉദ്യാനം (മുൻപ് മുഗൾ ഗാർഡൻ) ഈ വർഷത്തെ സന്ദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 3 മുതൽ മാർച്ച് 31 വരെയാണ് പൊതുജനങ്ങൾക്ക് ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കുന്നത്. ‘ഉദ്യാൻ ഉത്സവ്’ എന്നറിയപ്പെടുന്ന ഈ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പവൈവിധ്യങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തെത്തുന്നത്.
തിങ്കളാഴ്ചകൾ ഒഴികെയുള്ള ആറ് ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. വൈകിട്ട് 5:15-ന് ശേഷം ആരെയും ഉദ്യാനത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ചകളിൽ ഉദ്യാനം അടച്ചിടും. കൂടാതെ, ഹോളി പ്രമാണിച്ച് മാർച്ച് 4-നും സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല. രാഷ്ട്രപതി ഭവൻ എസ്റ്റേറ്റിലെ ഗേറ്റ് നമ്പർ 35 വഴിയാണ് (നോർത്ത് അവന്യൂവിന് സമീപം) സന്ദർശകർ പ്രവേശിക്കേണ്ടതും പുറത്തിറങ്ങേണ്ടതും.



