ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വംനൽകുന്ന സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാരിനെ പുറത്താക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ജനങ്ങളെന്നും 2026-ൽ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ മധുരയിൽ പറഞ്ഞു.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരേ കടുത്ത വിമർശനമാണ് അമിത് ഷാ നടത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പത്തുശതമാനംപോലും സർക്കാർ യാഥാർഥ്യമാക്കിയില്ല. വ്യാജമദ്യദുരന്തത്തെ തുടർന്നുള്ള മരണങ്ങൾ മുതൽ ‘ടാസ്മാക്കി’ലെ 39,000 കോടിയുടെ അഴിമതിവരെ- ഡിഎംകെ പൂർണമായും പരാജയപ്പെട്ട സർക്കാരാണ്. കേന്ദ്രഫണ്ടുകൾ സ്റ്റാലിൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. മോദിയുടെ ഫണ്ടുകൾ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. അവ ഡിഎംകെ വഴിമാറ്റുകയാണ്, ഷാ ആരോപിച്ചു. 

അതിനിടെ, അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. അമേരിക്കയിൽവരെ ഭരണംപിടിക്കാൻ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകും, പക്ഷേ തമിഴ്നാട്ടിൽ അത് നടക്കില്ലെന്ന് പാർട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുള്ള പറഞ്ഞു. 39000 കോടിരൂപയുടെ അഴിമതി ആരോപണ വിഷയത്തിൽ, ബിജെപി സാങ്കൽപിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.