വടക്കൻ ലണ്ടനിലെ ജൂത സമൂഹത്തിന് സേവനം നൽകുന്ന ‘ഹത്സോല’ (Hatzola) എന്ന ചാരിറ്റി സംഘടനയുടെ ആംബുലൻസുകൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. സ്റ്റാംഫോർഡ് ഹില്ലിലെ ഹത്സോല ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകളാണ് പൂർണ്ണമായും കത്തിയമർന്നത്. വിദ്വേഷം ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആംബുലൻസുകൾക്ക് സമീപം എത്തിയ അക്രമി പെട്രോൾ ഉപയോഗിച്ച് തീയിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മിനിറ്റുകൾക്കുള്ളിൽ വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
കഴിഞ്ഞ 40 വർഷത്തിലേറെയായി ലണ്ടനിലെ ജൂത സമൂഹത്തിന് അടിയന്തര വൈദ്യസഹായം നൽകുന്ന സന്നദ്ധ സംഘടനയാണ് ഹത്സോല. സൗജന്യ സേവനമാണ് ഇവർ നൽകി വരുന്നത്. ഒക്ടോബർ 7-ന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ബ്രിട്ടനിൽ ജൂത വിരുദ്ധ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ആംബുലൻസുകൾക്ക് നേരെയുള്ള ആക്രമണത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. ജീവൻ രക്ഷാ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ക്രൂരതയ്ക്കെതിരെ പ്രാദേശിക ഭരണകൂടവും വിവിധ മതനേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



