അൽഷിമേഴ്‌സ് രോഗം പ്രാരംഭഘട്ടത്തിൽതന്നെ രക്തപരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് പഠനങ്ങൾ. രക്തത്തിലെ പ്ലാസ്മയിലെ രണ്ട് പ്രോട്ടീനുകൾ പരിശോധിച്ചുകൊണ്ട് ഡിമെൻഷ്യ കൃത്യമായി നിർണ്ണയിക്കാൻ രക്തപരിശോധനവഴി കഴിയുമെന്ന് യു എസിലെ മയോ ക്ലിനിക്കിലെ വിദഗ്ധർ പറഞ്ഞു.
അമിലോയിഡ് ബീറ്റ 42/40, p-tau217 എന്നീ പ്രോട്ടീനുകൾ അമിലോയിഡ് പ്ലാക്ക് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അൽഷിമേഴ്‌സ് രോഗത്തിലേക്കു നയിക്കുന്നു. ഇത് കണ്ടെത്തി മനസ്സിലാക്കാൻ രക്തപരിശോധനയിലൂടെ സാധിക്കും. ഒരു മെമ്മറി ക്ലിനിക്കിലെ അഞ്ഞൂറിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
മൊത്തത്തിൽ, അൽഷിമേഴ്‌സ് ഉള്ള രോഗികളിൽ p-tau217 ന്റെ അളവ് രോഗമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. യു എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റെഗുലേറ്റർ ഈ രക്തപരിശോധനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്.