വിവാഹിതരായി തുടരുന്നവർ വിവാഹമോചനം നേടാതെ മറ്റൊരാളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എത്തിയ ഹർജികളിലാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്.
രണ്ടു ഹർജിക്കാരും ഇതിനകം വിവാഹിതരാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വിവേക് കുമാർ സിങ് ലിവ്-ഇൻ ബന്ധം ഈ സാഹചര്യത്തിൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. പ്രായപൂർത്തിയായ വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ ഇടപെടാൻ പാടില്ലെങ്കിലും, ആ സ്വാതന്ത്ര്യം പൂർണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ നിയമപരമായ അവകാശത്തെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
അതിനാൽ, വിവാഹമോചനം നേടി നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമേ മറ്റൊരാളുമായി സഹവാസം നടത്താനാകൂവെന്നും കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർക്ക് പൊലീസ് സംരക്ഷണം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അക്രമമോ നേരിടുന്ന സാഹചര്യത്തിൽ ഹർജിക്കാർക്ക് പൊലീസിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.



