ഭാര്യയുടെ ‘അവിഹിതം’ തെളിയിക്കാൻ വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവായി സ്വീകരിക്കാമെന്ന് അലഹബാദ് ഹൈകോടതി. വിവാഹമോചന കേസുകളിലും ജീവനാംശം സംബന്ധിച്ച തർക്കങ്ങളിലും ഡിജിറ്റൽ തെളിവുകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്ന സുപ്രധാന വിധിയാണ് ഹൈകോടതിയിൽ നിന്നുണ്ടായത്. തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശം നൽകാൻ താൻ ബാധ്യസ്ഥനല്ലെന്നും വാദിച്ച ഭർത്താവിന് അനുകൂലമായാണ് കോടതിയുടെ പുതിയ ഉത്തരവ്.

ഭാര്യയുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവായി സ്വീകരിക്കാൻ വിസമ്മതിച്ച വിചാരണ കോടതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നീതി നടപ്പിലാക്കുന്നതിനായി കുടുംബകോടതികൾക്ക് കൂടുതൽ വിപുലമായ അധികാരങ്ങൾ ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

നേരത്തെ ഈ കേസ് പരിഗണിച്ച വിചാരണ കോടതി ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 65-ബി പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവായി സ്വീകരിക്കാൻ വിസമ്മതിച്ചത്. ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുമ്പോൾ ഇത്തരം സർട്ടിഫിക്കറ്റുകൾ നിർബന്ധമാണെന്നായിരുന്നു കോടതിയുടെ നിലപാട്. ഈ ഉത്തരവ് മൂലം പ്രതിമാസം 10,000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി നൽകാൻ ഭർത്താവ് നിർബന്ധിതനായി. എന്നാൽ നീതിപൂർവ്വമായ ഒരു വിധി പ്രസ്താവിക്കുന്നതിന് ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ കുടുംബകോടതി നിയമത്തിലെ സെക്ഷൻ 14-നെ കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്. ഇന്ത്യൻ തെളിവ് നിയമത്തിൽ എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു തർക്കം പരിഹരിക്കാൻ സഹായിക്കുന്ന ഏത് രേഖയും തെളിവായി സ്വീകരിക്കാൻ കുടുംബകോടതികൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സാങ്കേതികത്വങ്ങളിൽ തൂങ്ങിനിൽക്കാതെ സത്യം കണ്ടെത്താനാണ് കോടതികൾ മുൻഗണന നൽകേണ്ടത്. വാട്ട്‌സ്ആപ്പ് ചാറ്റുകൾ വഴി ഭാര്യയുടെ അവിഹിത ബന്ധം തെളിയിക്കാൻ സാധിക്കുമെങ്കിൽ അത് പരിശോധിക്കാൻ വിചാരണ കോടതി ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഭർത്താവ് കോടതിയിൽ ഹാജരാക്കിയ വാട്ട്‌സ്ആപ്പ് ചാറ്റുകൾ അതീവ ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് പരാതിയിൽ പറയുന്നുണ്ട്. ഭാര്യയും മറ്റൊരു പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തെ സൂചിപ്പിക്കുന്നതും മാന്യമല്ലാത്തതുമായ ചാറ്റുകളാണിതെന്ന് ഭർത്താവ് വാദിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭാര്യ അവിഹിത ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ഭർത്താവ് ജീവനാംശം നൽകേണ്ടതില്ല.

ഈ വസ്തുത നിലനിൽക്കെ അവിഹിത ബന്ധത്തെക്കുറിച്ച് കൃത്യമായ അന്വേഷണമോ തെളിവെടുപ്പോ നടത്താതെ ജീവനാംശം വിധിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി വിചാരണ കോടതിയുടെ പഴയ ഉത്തരവ് പൂർണമായും റദ്ദാക്കുകയും കേസ് പുതിയതായി പരിഗണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭർത്താവ് സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്നും ഇരുഭാഗത്തെയും അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷം പുതിയ തീരുമാനമെടുക്കണമെന്നുമാണ് കോടതി നിർദ്ദേശം.