ലണ്ടൻ: ബ്രിട്ടനിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. 16നും 24നും മധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ പത്തുലക്ഷത്തോളം ചെറുപ്പക്കാർ തൊഴിൽ അന്വേഷകരായി തുടരുകയാണെന്നാണ് സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രിട്ടൻ പോലൊരു വികസിത രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 11 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഉടലെടുത്തിരിക്കുന്നത്.
ഈ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി അപ്രന്റീസ് പദ്ധതി വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സർക്കാർ. ഇതിലൂടെ ചുരുങ്ങിയത് 50,000 പേരെ അടിയന്തരമായി വരുമാനമുള്ളവരാക്കി മാറ്റാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. അപ്രന്റീസ് സ്കീമുകളിൽ 40 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉണ്ടായതെന്ന് ഇതിനായുള്ള മന്ത്രി ബാർനോസ് ജാക്വി സ്മിത്ത് തന്നെ സമ്മതിക്കുന്നു.
അപ്രന്റീസ്ഷിപ്പ് സ്കീമുകൾക്ക് നിലവിലുള്ള അഞ്ചുശതമാനം ലെവി എടുത്തുകളഞ്ഞ് ഈ മേഖലയെ പരിപോഷിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ്, ഡിഫൻസ് മേഖലകളിലാണ് കൂടുതൽ അപ്രന്റീസ്ഷിപ്പുകൾ ലക്ഷ്യമിടുന്നത്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം പതിനാറിനും ഇരുപത്തിനാലിനും മധ്യേ പ്രായമുള്ള 946,000 ചെറുപ്പക്കാരാണ് തൊഴിൽ രഹിതരായുള്ളത്. രാജ്യത്തെ എട്ടിലൊന്ന് ചെറുപ്പക്കാരും തൊഴിലില്ലാത്തവാണെന്ന് ചുരുക്കം. 512,000 യുവാക്കളും 434,000 യുവതികളുമാണ് ഈ പട്ടികയിലുള്ളത്.



