മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റ് നാലുപേരുടെയും മരണത്തിനിടയാക്കിയ വിമാനാപകടത്തിന് മണിക്കൂറുകൾക്ക് മുൻപ്, 25-കാരിയായ കോ-പൈലറ്റ് ശാംഭവി പഥക് ഗ്വാളിയോറിലുള്ള തന്റെ മുത്തശ്ശിക്ക് അയച്ചത് ലളിതമായ ഒരു സന്ദേശമായിരുന്നു: “ഗുഡ് മോണിംഗ്.” ശാംഭവിയുടെ ജീവിതത്തിലെ അവസാന സന്ദേശമായി അത് മാറുമെന്ന് ആ മുത്തശ്ശി കരുതിയിരുന്നില്ല.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്ന ലിയർജെറ്റ് 45 വിമാനം ബുധനാഴ്ച പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. അജിത് പവാർ, ശാംഭവി പഥക്, ക്യാപ്റ്റൻ സുമിത് കപൂർ, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പവാറിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു.



